top of page
Writer's pictureKanal Inspires

Pratheeksha: Life Skill Enhancement Campaign


സുദൃഡമായ കുടുംബബന്ധങ്ങൾ ഓരോ വ്യക്തിയുടെയും വളർച്ചയെയും, വികാസത്തെയും, പരിപോഷിപ്പിക്കുന്നതോടൊപ്പം സമൂഹത്തിനോടുള്ള അവരുടെ കാഴ്ചപ്പാടിലും പ്രകടമായ മാറ്റങ്ങൾ വരുത്തുന്നു. ഇത്തരത്തിൽ കുടുംബങ്ങളിൽനിന്നും, കലാലയങ്ങളിൽനിന്നും ആരോഗ്യപരമായ ഇടപെടലുകളുടെയും, നേർവഴികളിലൂടെയും വളർന്നുവരുന്ന ഒരു തലമുറ എന്നും നാടിന്റെ വലിയ സമ്പത്ത് തന്നെയാകും. നല്ലൊരു വിഭാഗം കുട്ടികൾക്കും വീട്ടകങ്ങളിൽനിന്നും പൊതു ഇടങ്ങളിൽനിന്നും ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചുവരുന്നു. എന്നാൽ മറ്റൊരു വിഭാഗം ഇന്നും ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതിനാൽ സമൂഹത്തിന്റെ നിറം മങ്ങിയ ഇടങ്ങളിലേക്ക് മാറ്റിനിർത്തപ്പെടുന്നു. ഓരോ കുട്ടിയെയും വ്യക്തതയിലേക്ക് നയിക്കണമെങ്കിൽ ഓരോ വ്യക്തിയുടെയും, തുടർന്ന് കുടുംബത്തിന്റെയും മനോഭാവത്തിൽ മാറ്റം അനിവാര്യമാണ്. അതോടൊപ്പം കുട്ടിയുടെ വളർച്ചാ ഘട്ടങ്ങളുടെ പ്രത്യേകതകളും മാറ്റങ്ങളും വ്യക്തമായി മനസ്സിലാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

പുരോഗമന ചിന്താഗതിയിൽ മുന്നോട്ടു കുതിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീട്ടകങ്ങളിലെ ചിന്താഗതികളിലെ മാറ്റങ്ങൾ ഉന്നമനത്തിന് ഉതകുന്ന രീതിയിലല്ല. പെൺകുട്ടികൾക്ക് അവരുടെ വളർച്ചാ കാലഘട്ടത്തിൽ നൽകുന്ന ശ്രദ്ധ മിക്കപ്പോഴും ആൺകുട്ടികൾക്ക് ലഭിക്കാതെ പോകുന്നത് വലിയ ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കുന്നു. ലൈംഗികമായി ആൺകുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു എന്നത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. അത് അവരിൽ മാനസിക സമ്മർദ്ദങ്ങളും തുടർന്ന് സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളും സംഭവിക്കാൻ ഇടയാക്കുന്നു. അനുദിനം കൂടുന്ന ഗാർഹിക പീഡനങ്ങൾ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വലുതാണ്. ഈ സാഹചര്യത്തിൽ സ്നേഹപൂർണ്ണമായ കുടുംബാന്തരീക്ഷവും, കലാലയാന്തരീക്ഷവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ സഖി വൺ സ്റ്റോപ്പ് സെൻറർ, കനൽ ഇന്നോവേഷൻസ് എന്നിവയുടെ ആഭിമുഖ്യത്തിൽ “പ്രതീക്ഷ” എന്ന പേരിൽ ഒരു Life Skill Enhancement കാമ്പെയ്ൻ ആരംഭിക്കുന്നു.

മുതിർന്നവരിലൂടെ മാത്രമേ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് സാധിക്കയുള്ളൂ. അതിനാൽ എങ്ങനെ ഒരു മികച്ച രക്ഷിതാവും കുടുംബാംഗവുമായി നമുക്ക് മാറാം, അതിന് നമ്മുടെ ചിന്തയിലും പെരുമാറ്റത്തിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് പരിശോധിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ.

“പ്രതീക്ഷ” ക്യാമ്പയിന്റെ തുടർച്ചയായി രക്ഷിതാക്കൾക്കും അധ്യാപകർക്കും, അടുത്ത ഘട്ടത്തിൽ വിദ്യാർത്ഥികളിലും ഈ പരിപാടിയുടെ സന്ദേശം എത്തിക്കുക എന്നതാണ് “പ്രതീക്ഷ” യുടെ ലക്ഷ്യം.


header.all-comments


bottom of page